ഇന്റെർവെൻഷനൽ റേഡിയോളജി വിഭാഗത്തിന്റെ സഹായത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സി.ടി. ഗൈഡഡ് ലങ് ബയോപ്സി

August 29, 2026 | ഈരാറ്റുപേട്ട വാർത്ത

 
ഈരാറ്റുപേട്ട: പ്രായമായവരിലും ശ്വാസകോശ സംബന്ധമായ ഗുരുതര രോഗങ്ങളുള്ളവരിലും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒഴിവാക്കിക്കൊണ്ട് കൃത്യമായ രോഗനിർണ്ണയം സാധ്യമാക്കുന്ന സി.ടി. ഗൈഡഡ് ബയോപ്സി (CT-Guided Biopsy) ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. പൾമണോളജി, റേഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ സംയുക്തമായ കൂട്ടായ്മയിലൂടെയാണ് 80 വയസ്സ് പ്രായമുള്ള, കടുത്ത സി.ഒ.പി.ഡി (Chronic Obstructive Pulmonary Disease) ബാധിച്ച രോഗിയിൽ ഈ അത്യാധുനിക സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിയത്.
ശ്വാസകോശം പോലുള്ള ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന മുഴകൾ ക്യാൻസർ ആണോ എന്ന് നിർണ്ണയിക്കാൻ ലങ് ബയോപ്സി ചെയ്യാറുണ്ട്. മുൻകാലങ്ങളിൽ നെഞ്ചിൽ ചെറിയ മുറിവുകൾ ഉണ്ടാക്കി അതിലൂടെ ക്യാമറയും പ്രത്യേക ഉപകരണങ്ങളും കടത്തിവിട്ട് ശ്വാസകോശത്തിൽ നിന്ന് കോശങ്ങൾ ശേഖരിക്കുന്ന ശസ്ത്രക്രിയ രീതിയായ VATS (Video-Assisted Thoracoscopic Surgery) ലൂടെയാണ് ലങ് ബയോപ്സി ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ, 80 വയസ്സുകാരനായ രോഗിക്ക് ജനറൽ അനസ്തേഷ്യ നൽകി നെഞ്ചിൽ രണ്ടോ മൂന്നോ മുറിവുകൾ ഉണ്ടാക്കി അതിലൂടെ ശ്വാസകോശത്തിൽ നിന്നും കോശങ്ങൾ എടുത്ത് ബയോപ്സിക്ക് വിധേയമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സി.ടി. ഗൈഡഡ് ബയോപ്സിക്ക് വിധേയനാക്കിയത്.
ഈ അത്യാധുനിക രീതിയിൽ, സി.ടി. സ്കാനിലൂടെ ശ്വാസകോശത്തിന്റെ വിശദമായ ചിത്രങ്ങളുടെ ഒരു പരമ്പര എടുക്കുന്നു. ഈ ചിത്രങ്ങളുടെ സഹായത്തോടെ ബയോപ്സി സൂചി കൃത്യമായി മുഴകളിൽ എത്തിക്കാൻ ഡോക്ടർക്ക് സാധിക്കുന്നു. ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, സാമ്പിൾ ശേഖരിക്കുന്നതിനായി ഒരു നേർത്ത സൂചി ചർമ്മത്തിലൂടെ ടിഷ്യുവിലേക്ക് കടത്തുന്നു. തുടർന്ന് ശേഖരിച്ച ടിഷ്യു പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയക്കും.
സി.ടി. ഇമേജ് ഗൈഡഡ് ബയോപ്സിയുടെ പ്രാഥമിക ലക്ഷ്യം കൃത്യമായ രോഗനിർണയം നൽകുക എന്നതാണ്. സി.ടി. സ്കാനുകൾ അല്ലെങ്കിൽ എം.ആർ.ഐ.കൾ പോലുള്ള ഇമേജിംഗ് പഠനങ്ങൾ കൂടുതൽ അന്വേഷണം ആവശ്യമുള്ള സംശയാസ്പദമായ മുഴകളോ മുറിവുകളോ വെളിപ്പെടുത്തുമ്പോൾ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.
റേഡിയോളജി പരിശോധനകൾക്കൊപ്പം തന്നെ, ഇമേജിംഗ് ഉപകരണങ്ങളുടെ തത്സമയ സഹായത്തോടെ ശരീരത്തിനുള്ളിൽ സൂക്ഷ്മമായ ശസ്ത്രക്രിയാ ഇതര ചികിത്സകൾ (ബയോപ്സി, ട്യൂമർ നീക്കം ചെയ്യൽ, കാത്തീറ്ററൈസേഷൻ തുടങ്ങിയവ) നടപ്പിലാക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരായ ഇന്റെർവെൻഷനൽ റേഡിയോളോജിസ്റ്റുകളുടെ വരവോടെ , ഏതുതരം സങ്കീർണ്ണമായ ചികിത്സാ നടപടിക്രമങ്ങളും കൈകാര്യം ചെയ്യാൻ സജ്ജമാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.